Wednesday, April 27, 2011

പ്രണയത്തിന്‍റെ ദുരന്തം.

പ്രണയത്തിന്, എന്താണ്, നിര്‍വ്വചനം? ആത്മാവില്‍ നിന്ന് ആത്മാവിലേയ്ക്കുള്ള തീര്‍ത്ഥാടനമെന്നോ? അതോ ഉള്ളിലെ വിങ്ങലിന്‍റെ ഉദ്ഭവത്തെ തേടലെന്നോ? ഇതു രണ്ടുമാകാം.പ്രണയത്തി, അതിര്‍ത്തിയോ, കാലദേശമോ എന്തിന്, കണ്ണോ, ചെവിയോ പോലും ഇല്ലെന്നാണ്, പറയാറ്. പക്ഷേ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ പോലുംപിന്നീട് ജീവിതത്തിന്‍റെ കുത്തൊഴിക്കില്‍ പ്രണയം നഷ്ടപ്പെട്ട് രണ്ട് തുരുത്തുകളായി മാറുന്നു. പ്രണയത്തെ കേവലമായി കാഅണുന്നതാണ്, ഇതിന്‍റെ കാരണം, ഉടലിന്‍റെ ആസക്തിയുമായി ബന്ധിപ്പിക്കുമ്പോള്‍ അവിടെ രതിയേ ഉണ്ടാകുന്നുള്ളൂ, അത് പ്രണയമല്ല. ഒരു അവസ്ഥ മാത്രം. യഥാര്‍ത്ഥ പ്രണയം ഒരു തേടലാണ്,
അങ്ങു ദൂരെയുള്ള തന്നെ തന്‍റേതു മത്രമായ തന്നോട് ചേരാന്‍ വെമ്പുന്ന ഒരു ആത്മാവിനെ തേറ്റല്‍. പൂവും കാറ്റും തമ്മിലുള്ള ഇഷ്ടം പോലെ അത് പരിശുദ്ധമാണ്, നിര്‍മ്മലമാണ്. അതൊരിക്കലും ശരീരവുമായി ബന്ധപ്പെട്ടതല്ല. ചില ദമ്പതികളെ കാണുപോള്‍ തോന്നാറില്ലേ ഒരു പോലെ ഇരിക്കുന്നവര്‍, ഒരേ പോലെ ചിന്തിക്കുന്നവര്‍, ഒരാള്‍ പറയാതെ മറ്റൊരാള്‍ അറിയുന്നത്, എല്ലാം പ്രണയത്തിന്‍റെ നിഗൂഡ്ഡതകള്‍ മാത്രം.

ഒരാള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ ഒരു പ്രത്യേക അവസ്ഥയിലായിരിക്കും. നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തെ നിയന്ത്രിക്കാനാകാതെ ഇറ്റയ്ക്ക് തേങ്ങും, കണ്ണുകള്‍ തേടലിലായിരിക്കും, വേദന താങ്ങാനാകാതെ മരിക്കാന്‍ തോന്നും, ഒക്കെ നിമിഷ നേരത്തേയ്ക്ക് മാത്രം, ആത്മാന്വേഷനത്തിന്‍റെ അവസാനം മറുപാതിയെ ലഭിച്ചു എന്ന് വരില്ലെങ്കില്‍ ജന്‍മം മുഴുവന്‍ ഈ നോവ് തിന്ന് കഴിയുക, അതാണ്, പ്രണയത്തിന്‍റെ ദുരന്തം.

മരത്തോപ്പുകള്‍ക്കിടയിലൂടെ….

നീ ഒരു മരത്തോപ്പിന്‍റെ കാണാമറയത്തും,
ഞാന്‍ അതിന്, ഇപ്പുറത്ത് നിന്നെ തേടുകയും.
നമുക്കിടയില്‍ മഞ്ഞയിലകളുള്ള ഈ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു.
വര്‍ഷങ്ങള്‍ ഏറെയായി ഞാന്‍ നിന്നെ തേടി അലയുകയായിരുന്നു,
ഇന്നു നീ എന്നോടൊപ്പം ഈ സര്‍വ്വകലാശാലയില്‍, എന്‍റെ ക്ലാസ്സ്റൂമില്‍…..,
കണ്ണുകള്‍ കൊണ്ട് മനസുകളുടെ ദൂരം അളക്കാമെന്ന് ആരാണ്, എഴുതിയത്…
അന്നാദ്യമായി നീയെന്നെ കണ്ടത് ഓര്‍മ്മയുണ്ടോ?
പുസ്തകങ്ങളുടെ കെട്ടുകള്‍ക്കിടയിലൂടെ, ലൈബ്രറിച്ചുവരുകളില്‍ ചേര്‍ന്നു നിന്ന് ഞാന്‍ നിന്നെ ഒളിഞ്ഞു നോക്കിയിരുന്നു,
പക്ഷേ അന്ന് നീ എന്നെ കാണാതെ പോയി,
എന്‍റെ ആത്മാവിന്‍റെ വിളി നീയെന്തേ കേള്‍ക്കാത്തത് എന്ന് ഞാന്‍ സങ്കടപ്പെട്ടു.
എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് അറിഞ്ഞിട്ടെന്ന പോലെ എന്തിനോ നീയന്ന് തിരിഞ്ഞു നോക്കിയത് ഞാനോര്‍ക്കുന്നുണ്ട്…
നീ നടന്നു വരുന്ന വഴികളില്‍ ഞാന്‍ കാത്തു നിന്നു, നിന്‍റെ നോട്ടമേല്‍ക്കാന്‍, അങ്ങനെയൊടുവില്‍ ഒരിക്കല്‍ നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നാള്‍… എന്‍റെ ഹൃദയം വിങ്ങുകയും, കണ്ണുകള്‍ ചുവക്കുകയും ചെയ്തു, കണ്ണുനീര്‍ നിന്‍റെ മുന്നില്‍ കാണിക്കാതെ ഞാന്‍ നടന്നു മറഞ്ഞു…
നീയെന്‍റെ ഉത്തരം പ്രതീക്ഷിക്കില്ല എന്നെനിക്കറിയാമായിരുന്നു, എന്‍റെ ഇഷ്ടം നീ മനസിലാക്കിയിട്ടുള്ളതാണല്ലോ…
അതിനു ശേഷമാണ്, മാഞ്ഞ ഇലകളുള്ള മരത്തോപ്പിലൂടെ നമ്മള്‍ നടക്കാന്‍ തുടങ്ങിയത്,.. മരത്തോപ്പുകളോടുള്ള എന്‍റെ പ്രണയം കണ്ട് നീയെന്നെ കളിയാക്കി..
പക്ഷേ പറഞ്ഞാലും പറഞ്ഞാലും കൊതി വരാതെ, നടന്നാലും നടന്നാലും മതി വരാതെ ഈ
ജന്മം മുഴുവന്‍ ഈ മരത്തോപ്പിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കിഷ്ടമായിരുന്നു.
കഴിഞ്ഞ മഞ്ഞുകാലം നിനക്കോര്‍മ്മയുണ്ടോ, ചാഞ്ഞ മരക്കൊമ്പില്‍ നീയെനിക്കു
വേണ്ടി ഊഞ്ഞാലിട്ടു തന്നത്, കോടമഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ പുലര്‍ക്കാലത്ത് ഞാന്‍ ഊഞ്ഞാലിലാടുമ്പോള്‍ നീയെന്‍റെ മുഖത്തേയ്ക്ക് മഞ്ഞു വീണ വെളുത്ത പൂക്കള്‍ വാരിയിട്ടത്……..
ഇന്നിപ്പോള്‍ നീ അലയുകയാണ്, ശാപമോക്ഷം തേടി… എന്‍റെ ആത്മാവിനെ ഉപേക്ഷിച്ച് നീ പോയ നാള്‍ മുതല്‍ ഞാനും അലയുകയാണ്, നിനക്കു വേണ്ടി,
ശാപമോക്ഷം കിട്ടി നീ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയില്‍…
ഇവിടെ നിനക്കായി ഞാന്‍ വസന്തമൊരുക്കുന്നു,
ഇപ്പോള്‍ ഈ മരത്തിലെ ഇലകളെല്ലാം സ്വര്‍ണത്തില്‍ മുങ്ങിയ പോലെ…
കിളികളുടെ പാട്ട് എനിക്ക് നീ വരുമെന്ന സൂചന നല്‍കുന്നു…എന്‍റെയീ ആത്മതപം ഇനിയെത്ര നാള്‍…
ആ പഴയ നമ്മുടെ മരത്തോപ്പ് നീ മറന്നു പോയില്ലല്ലൊ, എനിക്കറിയാം ശാപമോക്ഷം
ലഭിയ്ക്കുന്ന അന്ന് നീയിവിടെ പാഞ്ഞെത്തുമെന്ന്…..
കണ്ണുകള്‍ക്ക് നീണ്ട നാളായി വിശ്രമം ലഭിച്ചിട്ട്, ഇല്ല വിശമം അതിന്, ആവശ്യവുമില്ല…. അലയാനാണെനിക്കിഷ്ടം… നിന്നെ തേടി അലയാന്‍ … ഈ
മരത്തോപ്പുകളില്‍ നീ വരുന്നതും കാത്തിരിക്കാന്‍…

Monday, August 30, 2010

“എന്‍റെ പ്രണയം നീ തന്നെ”

എന്നാണ്, നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്?
പ്രണയദിനത്തില്‍ ഞാന്‍ നിനക്കയച്ച സന്ദേശം നിനക്കോര്‍മ്മയുണ്ടോ?
” ഏതൊക്കെയോ ജന്മങ്ങളില്‍
വച്ച് കണ്ടൂമുട്ടിയവരാണു നാം
ഇന്നിപ്പോള്‍ നിന്നെയോര്‍ക്കുമ്പോള്‍,
സുഖകരമായൊരു സ്മരണ നെഞ്ചിനെ അലട്ടുന്നു…”
അന്നു നമ്മള്‍ സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്‍ കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്‍ എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്‍ എന്‍റെ ഓര്‍മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു, നിന്‍റെ സ്പര്‍ശം,നിന്‍റെ ഉമ്മകള്‍ എല്ലാമുണ്ട്. പക്ഷേ എന്‍റെ മുഖത്തെ വിഷാദം… ആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം ഈ വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്‍റെ ഇത്രയടുത്തായിട്ടും നിന്‍റെ ചുടു നിശ്വാസം എന്‍റെ കവിളുകള്‍ പൊള്ളിച്ചിട്ടും എന്‍റെ കണ്ണൂകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന്‍ വിഗ്ങിക്കൊണ്ടേയിരുന്നു.
നീ പുരുഷനും ഞാന്‍ പ്രകൃതിയുമാണെന്ന് നീ ആവര്‍ത്തിക്കുമ്പോള്‍ പ്രകൃതിയില്‍ എന്‍റെ സ്വത്വത്തെ തിരിച്ചറിയാതെ വേദനിയ്ക്കുകയായിരുന്നു. പക്ഷേ എന്നോ ഒരിക്കല്‍ എന്നിലേയ്ക്കു തന്നെ പ്രകൃതി ലയിച്ചു, എന്നില്‍ നീ മഴയായ് പെയ്തപ്പോള്‍ എന്‍റെ സ്വത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്‍റെ പൂര്‍ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നീയാകുന്ന ഈശ്വരന്‍റെ ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്‍റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന്‍ നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്‍ വായുവായി, ചിലപ്പോള്‍ സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്‍റെ ധൈര്യം.

“പ്രണയം പാടുന്നു…”

എന്നാണ്, നമ്മള്‍ ആദ്യമായി കാണുന്നത്…
മറ്റേതോ ജന്‍മത്തിന്‍റെ ഏതൊക്കെയോ കല്‍പ്പടവുകളില്‍ വച്ചാണെന്നു തോന്നുന്നു… അന്നും നീ ഇതുപോലെ, നനവൂറുന്ന കണ്ണുകളും, നനുത്ത പുഞ്ചിരിയും.
എന്നോടു ക്ഷമിക്കൂ, എനിക്കു വയ്യ നീ എന്നു പറയാന്‍. പ്രണയം രണ്ടല്ല ഒന്നാണെങ്കില്‍ നമ്മളും ഒന്നല്ലേ,പിന്നെന്തിനു നീ…ഞാന്‍…
പ്രണയം സ്വാര്‍ത്ഥതയാണെന്ന് നീ പറയുമോ?
ഒരുപക്ഷേ ആവാം നിന്നെ എന്‍റെ പേരിട്ടു വിളിക്കാനാണ്, എനിക്കിഷ്ടം.
ഞാനും എന്നിലെ ഞാനും, ആത്മാവും ഈശ്വരനും പോലെ ഒന്നായ്ച്ചേര്‍ന്നു പോയിരിക്കുന്നു.
നെഞ്ചിലൊരു വേദന… ഹൃദയം വിങ്ങിപ്പിടയുന്ന പോലെ…
ഇതാണോ പ്രണയത്തിന്‍റെ സുഖം?
പണ്ടാരോ തന്ന ഓട്ടോഗ്രാഫിലെ വരികള്‍ എന്നേത്തേടി വരുന്നു,
“പൂപ്പാത്രത്തിലെ പുത്തനിലകള്‍
തുറന്നിട്ട ജനാല
ധ്യാനിയ്ക്കുവാനൊരു പുസ്തകം
സ്നേഹിക്കുന്ന ഒരാളുടെ കരം,
ഇത്രയും മതി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകാന്‍”
എഴുതിയആള്‍ സ്വന്തം ഹൃദയം കീറിമുറിച്ച് വാക്കുകളെ കൊന്നൊടുക്കി അപ്രത്യക്ഷനായിരിക്കുന്നു.
നീലമഷി തന്ന വരികള്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഞാനോ കീറിമുറിയ്ക്കാന്‍ ഹൃദയം പോലുമില്ലാതെ നിന്റെ ഹൃദയം കടം കൊണ്ട് ജീവിതം തീര്‍ക്കുന്നു.
ഇന്നു പകല്‍ ഞാന്‍ ഒരുപാട് കരഞ്ഞു.,നിന്നോടുള്ള പ്രണയം എന്‍റെ ഹൃദയം കവിഞ്ഞ് ഒഴുകുന്നു,ഒടുവില്‍ പുഴയാകുന്നു, കടലാകുന്നു,ഒരവസാനവുമില്ലാതെ ഒഴുക്കു മാത്രം.
എനിക്കു സഹിക്കുവാന്‍ വയ്യ പ്രണയത്തിന്‍റെ തീവ്രവേദന . നാം രണ്ടായിരുന്നെങ്കില്‍…
എന്‍റെ ഹൃദയം എന്നില്‍ ഇരുന്നിരുന്നെങ്കില്‍,എനിക്കു വേദനിയ്ക്കുമായിരുന്നോ…
പക്ഷേ ആത്മാവിനും ഈശ്വരനും രണ്ടായിരിക്കാന്‍ കഴിയുമോ..
ഒരിക്കലുമില്ല…
അതുപോലെ എനിക്കും നിന്നില്‍നിന്ന് അടരാന്‍ കഴിയില്ല,
മെഴുകു പോലെ നിന്‍റെ പ്രണയത്തില്‍ വീണുരുകാനല്ലാതെ മറ്റൊന്നിനും എന്നേക്കൊണ്ടു കഴിയില്ല